മഴയത്ത് നൃത്തമാടി
കളിച്ചു രസിച്ചു നിൽക്കുന്ന
ഒരു കൊച്ചു ചെടിയുടെ
ഏറ്റവും താഴെ ആരെയും നോക്കാതെ
കണ്ണടച്ച് ഒളിച്ചിരിക്കുന്ന
ഒരു തളിരിലയെ ചുംബിച്ച
കുഞ്ഞൻ കുസൃതി മഴത്തുള്ളിയെ വേണം ...
ലോകത്തെ എല്ലാ നന്മകളും
അവന്റെ നെഞ്ചിൽ ആവാഹിച്ചു
കണ്ണിലെ കൗതുകത്തെ കുളിരണിയിച്ചു
മോഹങ്ങളെ ഉണർത്തി
അവന്റെ സ്വപ്നങ്ങൾക്ക് ചിറകുകളേകുന്ന
ഒരു സുന്ദരി ചിരിയെ എനിക്ക്
സമ്മാനിക്കും ആ
പ്രണയ മഴത്തുള്ളി !!!
ഇലയും പഴവും താങ്ങി
ആരാലും അംഗീകരിക്കപ്പെടാതെ
തുടുപ്പില്ലാതെ പച്ചപ്പില്ലാതെ
ഇരുണ്ട പരുപരുത്ത
ഒരു ശിഖരത്തെ തലോടി തടവി
കുളിർപ്പിച്ചു ഒഴുകുന്ന
നേർത്ത നനുത്ത മഴത്തുള്ളിയെ വേണം ...
അവന്റെ വേദനകളെ ഇല്ലാതാക്കി
നിരാശകൾക്ക് ആശ്വാസമേകി
തളരുമ്പോൾ താങ്ങായി
നെറുവിലൊരു തലോടലാവുന്ന
വിടർന്ന വിരലുകളെ എനിക്ക്
നൽകും ആ
ആശ്വാസ മഴത്തുള്ളി !!!
കാടിനിടയിൽ കാടിന്റെതല്ലാത്ത
കഴുകൻ കണ്ണുകളുള്ള
ക്രിത്രിമത്വത്തിൽ തട്ടി
തല പൊട്ടിതെറിച്ചു
കൈകാലുകൾ ചിതറി മരിക്കും
എന്നുറപ്പുണ്ടായിട്ടും
ധീരനായി കുതിച്ചടുക്കുന്ന
തുടുത്ത മുതിർന്ന മഴത്തുള്ളിയെ വേണം ...
അവന്റെ വൈരുദ്ധ്യങ്ങളെ ലയിപ്പിച്ചു
ആശയക്കുഴപ്പങ്ങളെ പരിഹരിച്ചു
ജീവിക്കാൻ പ്രാപ്തനാക്കി
അതിജീവിക്കാൻ കരുത്തേകുന്ന
ആഴമുള്ള വാക്കുകൾ
എനിക്കേകും ആ
ഉറച്ച മഴത്തുള്ളി !!!
No comments:
Post a Comment