Thursday, November 7, 2013

കണ്ണാടി

നക്ഷത്രങ്ങളെ കാണിച്ചു തന്നു മാമൂട്ടിക്കൊണ്ട്
അമ്മ പറഞ്ഞത് ഞാൻ കുഞ്ഞു വാവാച്ചി ആണെന്നാണ് ...
നഖം കടിച്ചു അച്ഛന് അരികിലെത്തിയപ്പോൾ കേട്ടതോ
ഞാൻ ഒരു സുന്ദരി കുട്ടിയാണെന്നും  ....

പിന്നീട് പലരും പല തവണ പറഞ്ഞു പറഞ്ഞു
ഞാൻ എന്നെ അറിഞ്ഞു തുടങ്ങി
എന്റെ എല്ലാമെല്ലാമാണെന്നു പറഞ്ഞവൻ
വലിച്ചെറിഞ്ഞപ്പോൾ ആണെന്ന് തോന്നുന്നു
കേട്ടതെല്ലാം പൊള്ളയാണെന്ന തിരിച്ചറിവ് ഉണ്ടായത് ...

നിലാവെളിച്ചവും മെഴുകുനാളവും
എന്നോടെന്നും കള്ളമേ പറഞ്ഞിട്ടുള്ളൂ
ഒഴുക്കിനിടെ അരുവി പോലും എന്നെ പറ്റിച്ചിട്ട് ഓടി ...

ഞാൻ ആരെന്നറിയാതെ വിങ്ങിപ്പൊട്ടിയ
ഉറക്കമില്ലാത്ത ഏതോ രാത്രിയിൽ
കൊതിച്ചതായിരുന്നു ....
മുൻധാരനകളില്ലാതെ
പൊടിപ്പും തൊങ്ങലുമില്ലതെ
ഞാൻ ആരെന്നു എനിക്ക് കാട്ടി തരുന്ന ....



സമ്മാനപ്പൊതി തുറന്നപ്പോൾ കണ്ടു
ജീവിതത്തോടുള്ള പ്രണയം കത്തി ജ്വലിക്കുന്ന
തീവ്രമായ കണ്ണുകളുള്ള ഒരു സ്ത്രീയേ ...
പൂർണതയിൽ എത്തി നിൽക്കുന്ന ഒരു സ്ത്രീയേ ....

ആരാധനയോടെ നോക്കി നിൽക്കെ
അവൾ രണ്ടു കണ്ണുകളായി മാറി ...
പഴിക്കാനറിയാത്ത പുരികങ്ങളും
ചതിക്കാനറിയാത്ത പീലികളും
പ്രണയം തിളങ്ങുന്ന കൃഷ്ണമണികളുമുള്ള
നിന്റെ രണ്ടു കണ്ണുകൾ ....

വലതു കണ്ണിൽ കണ്ടു
എന്റെ നാണം, കാമം, വേദന
പിന്നെ അറിയാത്ത മറ്റേതോ ഭാവങ്ങൾ
ഇടതു കണ്ണിൽ കണ്ടു
എന്നെ ഞാൻ അറിയണം എന്ന നിന്റെ മോഹം ...

ഒരുപാട് ഇഷ്ടമായി ....
നാല് കോണിൽ ഉറങ്ങുന്ന
ദൈവത്തിൻറെ കണ്ണ്
എനിക്ക് സമ്മാനിച്ച
എൻറെ തോഴന് വാക്ക്....

ഒരിക്കലും ഉടയ്ക്കില്ല ....
ഇരുട്ടിനു പകരം വയ്ക്കാൻ എന്നും
എൻറെ മുഖം ഉണ്ടാകും ....

No comments:

Post a Comment