Wednesday, June 12, 2013

നീ ...


ഞാനറിയാതെ കൊഴിഞ്ഞു പോയ
മോഹത്തിന്റെ ഒരായിരം മുല്ല മൊട്ടുകൾ 
പെറുക്കിയെടുത്തു തിരിചെറിഞ്ഞു എന്നെ നീ സുമംഗലിയാക്കി...

കരിവണ്ടിനെ തൊട്ട വിരലുകൊണ്ട് 
കണ്ണെഴുതി തന്നു നീ എന്റെ 
ഉൾക്കാഴ്ചയെ തൊട്ടുണർത്തി...

ഒരു മഞ്ഞുതുള്ളി പറിച്ചെടുത്തു 
അതിലൊരു നുള്ള് സ്നേഹം ചാലിച്ച് 
മൂക്ക് കുത്തി നീ എന്നെ കുളിരണിയിച്ചു...

പനിനീർ പൂവിന്റെ രണ്ടിതൾ പിഴിഞ്ഞെടുത്ത് 
കമ്മലണിയിച്ചു നീ എന്റെ 
നൈർമ്മല്യം വീണ്ടെടുത്തു...

അലസമായ മുടിയിഴയിൽ പ്രതീക്ഷയുടെ 
ഒരു കുഞ്ഞു മന്ദാരം ചൂടിച്ചു 
നീ എന്നെ സുന്ദരിയാക്കി...

ഗുൽമോഹർ പൂക്കളാൽ പ്രണയം തുളുമ്പുന്ന
എന്റെ ചുണ്ടുകളെ നീ ചായമണിയിച്ചു 
പിന്നെ ചുംബിച്ചു...

ഒടുവിൽ നെഞ്ചിലെ ചൂട് തന്നു 
ഒരിക്കലുമുണരാത്ത മയക്കത്തിലേക്കു
നീ എന്നെ ഓമനിച്ചയച്ചു...

1 comment:

  1. നിൻ ഹൃദയ സ്പന്ദനം ഇന്നും എന്നും എൻ കാതിൽ മുഴങ്ങണം

    ReplyDelete