Thursday, November 7, 2013

കണ്ണാടി

നക്ഷത്രങ്ങളെ കാണിച്ചു തന്നു മാമൂട്ടിക്കൊണ്ട്
അമ്മ പറഞ്ഞത് ഞാൻ കുഞ്ഞു വാവാച്ചി ആണെന്നാണ് ...
നഖം കടിച്ചു അച്ഛന് അരികിലെത്തിയപ്പോൾ കേട്ടതോ
ഞാൻ ഒരു സുന്ദരി കുട്ടിയാണെന്നും  ....

പിന്നീട് പലരും പല തവണ പറഞ്ഞു പറഞ്ഞു
ഞാൻ എന്നെ അറിഞ്ഞു തുടങ്ങി
എന്റെ എല്ലാമെല്ലാമാണെന്നു പറഞ്ഞവൻ
വലിച്ചെറിഞ്ഞപ്പോൾ ആണെന്ന് തോന്നുന്നു
കേട്ടതെല്ലാം പൊള്ളയാണെന്ന തിരിച്ചറിവ് ഉണ്ടായത് ...

നിലാവെളിച്ചവും മെഴുകുനാളവും
എന്നോടെന്നും കള്ളമേ പറഞ്ഞിട്ടുള്ളൂ
ഒഴുക്കിനിടെ അരുവി പോലും എന്നെ പറ്റിച്ചിട്ട് ഓടി ...

ഞാൻ ആരെന്നറിയാതെ വിങ്ങിപ്പൊട്ടിയ
ഉറക്കമില്ലാത്ത ഏതോ രാത്രിയിൽ
കൊതിച്ചതായിരുന്നു ....
മുൻധാരനകളില്ലാതെ
പൊടിപ്പും തൊങ്ങലുമില്ലതെ
ഞാൻ ആരെന്നു എനിക്ക് കാട്ടി തരുന്ന ....



സമ്മാനപ്പൊതി തുറന്നപ്പോൾ കണ്ടു
ജീവിതത്തോടുള്ള പ്രണയം കത്തി ജ്വലിക്കുന്ന
തീവ്രമായ കണ്ണുകളുള്ള ഒരു സ്ത്രീയേ ...
പൂർണതയിൽ എത്തി നിൽക്കുന്ന ഒരു സ്ത്രീയേ ....

ആരാധനയോടെ നോക്കി നിൽക്കെ
അവൾ രണ്ടു കണ്ണുകളായി മാറി ...
പഴിക്കാനറിയാത്ത പുരികങ്ങളും
ചതിക്കാനറിയാത്ത പീലികളും
പ്രണയം തിളങ്ങുന്ന കൃഷ്ണമണികളുമുള്ള
നിന്റെ രണ്ടു കണ്ണുകൾ ....

വലതു കണ്ണിൽ കണ്ടു
എന്റെ നാണം, കാമം, വേദന
പിന്നെ അറിയാത്ത മറ്റേതോ ഭാവങ്ങൾ
ഇടതു കണ്ണിൽ കണ്ടു
എന്നെ ഞാൻ അറിയണം എന്ന നിന്റെ മോഹം ...

ഒരുപാട് ഇഷ്ടമായി ....
നാല് കോണിൽ ഉറങ്ങുന്ന
ദൈവത്തിൻറെ കണ്ണ്
എനിക്ക് സമ്മാനിച്ച
എൻറെ തോഴന് വാക്ക്....

ഒരിക്കലും ഉടയ്ക്കില്ല ....
ഇരുട്ടിനു പകരം വയ്ക്കാൻ എന്നും
എൻറെ മുഖം ഉണ്ടാകും ....

Friday, June 21, 2013

മൂന്നു മഴത്തുള്ളികൾ

 
 
മഴയത്ത്  നൃത്തമാടി 
കളിച്ചു രസിച്ചു നിൽക്കുന്ന 
ഒരു കൊച്ചു ചെടിയുടെ 
ഏറ്റവും താഴെ ആരെയും നോക്കാതെ
കണ്ണടച്ച് ഒളിച്ചിരിക്കുന്ന 
ഒരു തളിരിലയെ ചുംബിച്ച
കുഞ്ഞൻ കുസൃതി മഴത്തുള്ളിയെ വേണം ...

ലോകത്തെ എല്ലാ നന്മകളും
അവന്റെ നെഞ്ചിൽ ആവാഹിച്ചു 
കണ്ണിലെ കൗതുകത്തെ കുളിരണിയിച്ചു 
മോഹങ്ങളെ ഉണർത്തി 
അവന്റെ സ്വപ്നങ്ങൾക്ക് ചിറകുകളേകുന്ന 
ഒരു സുന്ദരി ചിരിയെ എനിക്ക് 
സമ്മാനിക്കും ആ 
പ്രണയ മഴത്തുള്ളി !!!


ഇലയും പഴവും താങ്ങി 
ആരാലും അംഗീകരിക്കപ്പെടാതെ 
തുടുപ്പില്ലാതെ പച്ചപ്പില്ലാതെ 
ഇരുണ്ട പരുപരുത്ത 
ഒരു ശിഖരത്തെ തലോടി തടവി 
കുളിർപ്പിച്ചു ഒഴുകുന്ന
നേർത്ത നനുത്ത  മഴത്തുള്ളിയെ വേണം ...

അവന്റെ വേദനകളെ ഇല്ലാതാക്കി 
നിരാശകൾക്ക്  ആശ്വാസമേകി 
തളരുമ്പോൾ താങ്ങായി 
നെറുവിലൊരു തലോടലാവുന്ന 
വിടർന്ന വിരലുകളെ എനിക്ക് 
നൽകും ആ 
ആശ്വാസ മഴത്തുള്ളി !!!
 

കാടിനിടയിൽ കാടിന്റെതല്ലാത്ത 
കഴുകൻ കണ്ണുകളുള്ള 
ക്രിത്രിമത്വത്തിൽ തട്ടി
തല പൊട്ടിതെറിച്ചു 
കൈകാലുകൾ ചിതറി മരിക്കും 
എന്നുറപ്പുണ്ടായിട്ടും 
ധീരനായി കുതിച്ചടുക്കുന്ന
തുടുത്ത മുതിർന്ന മഴത്തുള്ളിയെ വേണം ...

അവന്റെ വൈരുദ്ധ്യങ്ങളെ ലയിപ്പിച്ചു 
ആശയക്കുഴപ്പങ്ങളെ പരിഹരിച്ചു 
ജീവിക്കാൻ പ്രാപ്തനാക്കി
അതിജീവിക്കാൻ കരുത്തേകുന്ന 
ആഴമുള്ള വാക്കുകൾ 
എനിക്കേകും ആ 
ഉറച്ച മഴത്തുള്ളി !!!



Wednesday, June 12, 2013

നീ ...


ഞാനറിയാതെ കൊഴിഞ്ഞു പോയ
മോഹത്തിന്റെ ഒരായിരം മുല്ല മൊട്ടുകൾ 
പെറുക്കിയെടുത്തു തിരിചെറിഞ്ഞു എന്നെ നീ സുമംഗലിയാക്കി...

കരിവണ്ടിനെ തൊട്ട വിരലുകൊണ്ട് 
കണ്ണെഴുതി തന്നു നീ എന്റെ 
ഉൾക്കാഴ്ചയെ തൊട്ടുണർത്തി...

ഒരു മഞ്ഞുതുള്ളി പറിച്ചെടുത്തു 
അതിലൊരു നുള്ള് സ്നേഹം ചാലിച്ച് 
മൂക്ക് കുത്തി നീ എന്നെ കുളിരണിയിച്ചു...

പനിനീർ പൂവിന്റെ രണ്ടിതൾ പിഴിഞ്ഞെടുത്ത് 
കമ്മലണിയിച്ചു നീ എന്റെ 
നൈർമ്മല്യം വീണ്ടെടുത്തു...

അലസമായ മുടിയിഴയിൽ പ്രതീക്ഷയുടെ 
ഒരു കുഞ്ഞു മന്ദാരം ചൂടിച്ചു 
നീ എന്നെ സുന്ദരിയാക്കി...

ഗുൽമോഹർ പൂക്കളാൽ പ്രണയം തുളുമ്പുന്ന
എന്റെ ചുണ്ടുകളെ നീ ചായമണിയിച്ചു 
പിന്നെ ചുംബിച്ചു...

ഒടുവിൽ നെഞ്ചിലെ ചൂട് തന്നു 
ഒരിക്കലുമുണരാത്ത മയക്കത്തിലേക്കു
നീ എന്നെ ഓമനിച്ചയച്ചു...

സ്വപ്നത്തുള്ളികൾ


കഴിഞ്ഞ ഏതോ രാത്രിയിൽ 
തേങ്ങലുകളാൽ ഞാൻ നിനക്ക് 
ചിറകുകളുണ്ടാക്കി...

പിന്നെ നിന്റെ സ്വപ്നങ്ങളെ 
രണ്ടു കണ്ണുനീർ തുള്ളിക്കുള്ളിൽ അലിയിച്ചു 
ഞാൻ ആ ചിറകുകളെ അലങ്കരിച്ചു...

ഇന്നലെ ആ ചിറകുകൾ 
എന്നോട് പറയാതെ 
മേഘങ്ങളായി പറന്നുയർന്നു പോയി...

ഇന്നത് മഴയായി പെയ്യുമ്പോൾ 
എവിടെയോ നീ സ്വപ്നങ്ങളിൽ 
നനഞ്ഞു കുതിർന്നു വിറയ്ക്കുന്നുണ്ടാവും...