Monday, February 13, 2017

അരുതുകളുടെ ആഴങ്ങള്‍


ആഴങ്ങളെനിക് ഇഷ്ടമാണ്.
അവനോടുള്ള പ്രണയം ആഴങ്ങളില്‍ എവിടെയോ.........അല്ല , അതല്ല ഇപ്പൊ ഇവിടെ വിഷയ, ആഴം കൂടും മുന്‍പ് പറയാതെ വയ്യ !

അവന്‍ എന്നെ ഉപേക്ഷിച്ചു !!! കുറ്റം പറയാനാവില്ല, വര്‍ഷം ഒന്ന് കഴിഞ്ഞില്ലേ, ഞാനിങ്ങനെ അവനു ചുറ്റും പാറി പറക്കാന്‍ തുടങ്ങിയിട്ട്, ഒന്ന് തൊട്ടു പോലും വേദനിപ്പിക്കാതെ, അല്ല ഒന്ന് തൊട്ടു പോലും സന്തോഷിപ്പിക്കാതെ.

തിര എണ്ണാനും, കവിതയെഴുതാനും, പാട്ട് പാടാനും കൂടെയിരിക്കുമ്പോള്‍ അവന്‍ സ്ഥിരമായി പറയാറുള്ള ചിലതുണ്ട്, ചില ക്ലീഷേകള്‍ക് അതിയായ സൗന്ദര്യം ഉണ്ടെന്നെനിക്ക് ആദ്യമായ് മനസ്സിലായത് അവനോട് മിണ്ടുമ്പോഴായിരുന്നു.

"തിരമാലകള്‍ തീരുന്നത് വരെ ഞാന്‍ നിന്നെ പ്രണയിക്കും, പ്രണയത്തിന്റെ പൂര്‍ണതയാണ് കവിത, വരികളും ഈണവും പോലെ നമ്മള്‍ ഇഴപിരിയാതെ..."

ആഴങ്ങളെനിക് ഇഷ്ടമാണ്.
പ്രണയത്തിന്റെ ആഴങ്ങളിലെക്കെന്നെ ഉന്തിയിടാന്‍ അവനും താല്പര്യം ആയിരുന്നു. നിലയില്ലാതെ കൈ കാലിട്ടടിച്ച്‌ ഞാന്‍ ശ്വാസത്തിനായ് പിടയുന്നത് കണ്ടവന്‍ ചിരിക്കുമായിരുന്നു. ആ ചിരി എന്‍റെ ഹൃദയത്തെ എന്നില്‍ നിന്നകറ്റി ഉയരങ്ങളിലേക്ക് പറക്കാന്‍ വിട്ടിരുന്നു. പറയാനെനിക്ക് ഇതിനപ്പുരമുണ്ടായെക്കും. പക്ഷെ ആഴം കൂടുന്നു. അര്‍ത്ഥമില്ലാത്ത ഇത്തരം വരികള്‍ക്ക് വിരാമമിട്ടു, കാര്യത്തിലേക്ക് വരാം,

അവന്‍ എന്നെ ഉപേക്ഷിച്ചു. അരുതായിരുന്നു. അതെ, "അരുത്" ആയിരുന്നു അതിനു കാരണം. പ്രണയത്തില്‍ അരുത് ഇല്ല പോലും, ആവോ എന്റെ പ്രണയത്തില്‍ ഈ അണ്ടകടാഹം മുഴുവനുണ്ട്, കൂടെ അരുതും ...

അറുനൂറ്റി രണ്ടാം തിരയെന്നിയപ്പോഴായിരുന്നു ആദ്യമായ് അരുത് പറഞ്ഞത്, തിരയിരമ്പുന്ന സ്വരത്തിനിടയില്‍, കടല്‍ കാറ്റിനിടയില്‍, സിഗരറ്റ് മണക്കുന്ന അവന്‍റെ ചുണ്ടുകള്‍, എന്തിനോ എന്റെ കഴുത്തിനരികിലേക്ക് അടുത്തപ്പോഴായിരുന്നു ആദ്യമായ് അരുത് ഞങ്ങള്‍ക്കിടയില്‍ വന്നത്. അന്നെനിക്ക് ആയിരം തിരമാലകള്‍ എണ്ണി തീര്‍ക്കാന്‍ കൂട്ടിരുന്നതോടെ ഞാനും അരുതും ഒരുമിച്ചായി.

അവിടുന്നങ്ങോട്ട് അവന്റെ ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കെടുകള്‍ക്കും ഇടയില്‍, എനിക്കും അവനും ഇടയില്‍, എന്നും അരുതുണ്ടായിരുന്നു. ഓരോ ദിവസവും അരുതെനിക് കൂടുതല്‍ അരുതുകളെ സമ്മാനിച്ചു. അവനെ അലോസരപ്പെടുത്തി, അവന്റെ സന്തോഷങ്ങളെ ഇല്ലാതാക്കി, അവന് എന്നോടുള്ള പ്രണയത്തെ വരെ ചോദ്യം ചെയ്തിട്ടും അരുതുകളെ എനിക്ക് കൈ വിടാന്‍ തോന്നിയില്ല.

ആഴങ്ങളെനിക് ഇഷ്ടമാണ്.
അതിരുകളുടെ ആഴങ്ങളിലെവിടെയോ മുങ്ങി ചത്ത പ്രണയത്തെ വീണ്ടെടുക്കാന്‍ ഞ്ഞാന്‍ ഊളിയിട്ടിറങ്ങി, ഒരു മുഴം കയറിന്റെ ബലത്തില്‍ തൂങ്ങിയിറങ്ങി ഇതാ ആഴങ്ങളിലേക്ക്. ആഴം കൂടുന്നു. എനികിഷ്ടവും കൂടുന്നു!


No comments:

Post a Comment